പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Monday, December 10, 2007

ദു:ഖം

കൈവിട്ടുപോയതിനെ പറ്റിയുള്ള
ഒരോറ്മ്മയാണ് ദു:ഖം..
കാലത്തിന്റെ നിശബ്ദമായ ഓറ്മ്മപ്പെടുത്തലിലൂടെ
ദു:ഖം മനസ്സില്‍ വേരൂന്നുന്നു..
ഇന്നു അവള്‍
എനിക്കൊരോറ്മ്മ മാത്രമാണെന്നു വരാം..
പക്ഷെ, ഇന്നലെ അങ്ങനെ ആയിരുന്നില്ല..
ഒരു മഴതൊടുമ്പോള്‍ ഞെട്ടിയൊതുങ്ങുന്ന
തൊട്ടാവാടിച്ചെടിപോലെയായിരുന്നു അവള്‍..
പഴുത്തു ചുവന്ന തക്കാളി
അവള്‍ക്കേറെയിഷ്ടമായിരുന്നു..
പക്ഷെ, ഞാന്‍ ഒരു ചീഞ്ഞ തക്കാളിയായിരുന്നു..
എങ്കിലും അവള്‍ എന്നെ സ്നേഹിച്ചിരുന്നു..
കാലം തെറ്റിപ്പൂത്ത കൊന്നയുടെ മുടിയില്‍ നിന്ന്
ഒരിതള്‍ എന്നിലേക്ക് വഴുതിയിറങ്ങി..
ഒരിക്കലവള്‍ പറഞ്ഞു,
പ്രണയത്തിനു മഞ്ഞ നിറമാണെന്ന്..
ഒരുപിടി കൊന്നപ്പൂക്കള്‍ക്കുള്ളത്രയും മഞ്ഞ..
പക്ഷെ, പ്രണയത്തിന്റെ ചുവപ്പായിരുന്നു എനിക്കിഷ്ടം..
അതുകൊണ്ടാണ് ഞാനവള്‍ക്ക്
ആ ചുവന്ന റോസാപ്പൂവ് കൊടുത്തത്..
എന്റെ പ്രണയത്തെ അപ്പോഴും
ഞാന്‍ അവളോട് ചോദിച്ചിരുന്നില്ല..
തിരസ്കരിക്കപ്പെടുമോ എന്നു ഞാന്‍ പേടിച്ചിരിക്കണം..
കാറ്മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കൊക്കെ വെളിപ്പെടുന്ന
ചന്ദ്രനെപ്പോലെയാണ് എന്റെ ഹൃദയമെന്ന്
അവള്‍ ഒരിക്കല്‍ പറഞ്ഞു..
അന്ന് കീറിമുറിക്കപ്പെട്ട ഒരു പൂവിനെയും
കത്തിപ്പോയ കുറേ കരിയിലകളെപ്പറ്റിയുമാണ്
ഞാനവളോട് പറഞ്ഞത്..
എനിക്കറിയാമായിരുന്നു ഒടിഞ്ഞ കസേരകള്‍
മാത്രമുള്ള ഒരു ഇരുട്ടുപിടിച്ച മുറിയാണ്
എന്റെ ഹൃദയമെന്ന്..
ജീവിതമാകട്ടെ മാലിന്യം നിറഞ്ഞ
ഒരു ഓട പോലെയും..
അവള്‍ക്കുമുമ്പ് എനിക്ക് പ്രിയമായി
യാതൊന്നുമുണ്ടായിരുന്നില്ല
അവള്‍ എന്നോടൊത്തുണ്ടായിരുന്നപ്പോള്‍,
ദു:ഖം എന്നത്, അകലെയെവിടെയോ മലയിടുക്കില്‍
പ്രതിധ്വനിക്കുന്ന, ഒരു ഭ്രാന്തന്റെ
നിലവിളിപോലെയായിരുന്നു എനിക്ക്..
എന്നാല്‍ ഇന്ന് കരയുന്നത് ഞാനാണ്..
നിങ്ങള്‍ക്കിത് നിസ്സാരമെന്നു തോന്നാം
പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത്
സ്നേഹത്തിന്റെ കുറച്ചു തുണ്ടുകള്‍ മാത്രമല്ല,
വിശപ്പും വേദനയും കൊണ്ടു നിറക്കപ്പെട്ട
എന്റെ ആത്മാവുകൂടിയാണ്..
ഇന്നലെ ഓറ്മ്മയുടെ മേഘങ്ങള്‍ക്കിടയിലൂടെ
അവള്‍ എന്റെയടുത്തു വന്നിരുന്നു..
നിശബ്ദമായി അവള്‍ എന്നോടു പറഞ്ഞു,
പുലരിയുടെ മഞ്ഞുതുള്ളിയില്‍
എനിക്കുതരാനായി പ്രണയത്തിന്റെ
സൂര്യനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്..
മറ്റൊന്നും എന്നോടവള്‍ പറഞ്ഞില്ല..
ആ കൊന്നപ്പൂക്കളെക്കുറിച്ചുപോലും..
അവളുടെ ലോകത്തില്‍ ചിലപ്പോള്‍
കൊന്നപ്പൂക്കള്‍ ഇല്ലായിരിക്കാം..

Sunday, December 2, 2007

ഈ രാത്രിയെക്കുറിച്ച്..

ഇത് വെറുമൊരു രാത്രി മാത്രമാണെന്നു വരാം..
പക്ഷെ, അത് മറ്റുള്ളവരുടെ കാര്യമാണ്.
എനിക്ക് ഇത് മറക്കാണാവാത്ത രാത്രിയാണ്,
നിശബ്ദമാണിത്..
ഒരു കൊച്ചുകാറ്റുപോലുമില്ല
കുറച്ചു മുമ്പുവരെ അവള്‍ ഇവിടെയുണ്ടായിരുന്നു..
ഇവിടെ എന്നോടൊത്തുണ്ടായിരുന്നു അവള്‍..
എത്രയോ നേരം..
ഒന്നു പുഞ്ചിരിച്ചുപോലുമില്ല അവള്‍..
ഒന്നും പറഞ്ഞുമില്ല..
ഒടിഞ്ഞ കസേരകള്‍ മാത്രമുള്ള
ഒരു ഇരുണ്ട മുറിയാണ് എന്റെ ഹൃദയം..
പ്രകാശത്തിന്റെ ഒരായിരം കണങ്ങളുമായാണ്
അവള്‍ അവിടേക്കു കടന്നു വന്നത്..
ക്ഷണിച്ചതല്ല അവളെ ഞാന്‍
എങ്കിലും എല്ലാത്തിനും വേണ്ടിയെന്നപോലെ
അവള്‍ വന്നു..
അവള്‍ക്കായി കാത്തിരിക്കുന്നത്
കത്തിത്തീറ്ന്ന കുറേ കരിയിലകളും
കീറിമുറിക്കപ്പെട്ട ഒരു ഹൃദയവുമാണെന്ന്
അവള്‍ അറിഞ്ഞിരിക്കില്ല..
അവസാനം വരെയ്ക്കും അവളെ
ഞാന്‍ ചുംബിച്ചിരുന്നില്ല..
എന്റെ ചുംബനത്തിന്
പഴകിയ പുസ്തകങ്ങളുടെ ഗന്ധമാണെന്ന്
അവള്‍ പറയാതിരിക്കാനാണ്
ഞാനതു ചെയ്യാതിരുന്നത്..
ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍ ചിതറിക്കിടക്കുന്ന
ചന്തയിലേക്കുള്ള ആ റോഡുപോലെയാണ്
എന്റെ ജീവിതം..
ആ വഴി വരാ‍ന്‍ ആരും മടിക്കും..
അത്യാവശ്യക്കാറ് ചിലരൊക്കെ
ചിലപ്പോള്‍ വന്നുവെന്നും വരാം..
പക്ഷെ, ആവശ്യക്കാരി അല്ലാതിരുന്നിട്ടും
അവള്‍ ആ വഴിയില്‍ വന്നു..
വരുന്നത് കടന്നുപോകാനാണെന്ന്
ഞാനോറ്ത്തതേയില്ലാ…
അതിനു കുറേ കഴിഞ്ഞല്ല
ഈ രാത്രി വന്നെത്തിയത്..
എത്ര ഹ്രസ്വമാണ് ആ കാലയളവ്,
എങ്കിലും ഓറ്മ്മകള്‍ എത്ര ദീറ്ഘമാണ്..
വേറ്പാട് ആരോ മറന്നിട്ട
വേദനയുടെ കണ്ണുനീറ്തുള്ളികളാണ്..
ചിലപ്പോള്‍ ചില കാരണങ്ങള്
അവള്‍ക്കുണ്ടാകാം,
എങ്കിലും എനിക്കറിയില്ല അത്..
ഒന്നും പറയാതെയാണ് അവള്‍ വന്നത്,
ഒന്നും പറയാതെതന്നെ അവള്‍
അകന്നുപോയി..
ഈ രാത്രി അനന്തമാണ്..
അവള്‍ പോയതുകൊണ്ടേറെ മൂകമാണ്..
ഇവിടെ,
എനിയ്ക്കായി അവള്‍ അവശേഷിപ്പിച്ചത്
ഇരുട്ടിന്റെ കറുത്ത ജഡവും
ഇന്നലെയുടെ കുറേ ഓറ്മ്മകളും മാത്രം..

Saturday, November 24, 2007

മരുഭൂമി

ആരോ പാതികണ്ടു മറന്നിട്ടുപോയ
ഒരു കിനാവാണു നീ..
എന്നെ വലിഞ്ഞുമുറുക്കുന്ന
കിനാവള്ളിയും നീ തന്നെ..
കാലം എന്നില്‍ അവശേഷിപ്പിച്ച
ഒരു തേങ്ങലാണു നീ..
നീയാണു പറഞ്ഞത്
പ്രണയം ഒരു വൈറസ് പോലെ
മാരകമാണെന്ന്..
നീയാണു പറഞ്ഞത്
പ്രണയം ബാധിച്ച ഓരോ മനസ്സിന്റെയും യാത്ര
നിറവില്‍ നിന്നും വറുതിയിലേക്കുള്ള
ഒരു എടുത്തുചാട്ടമാണെന്ന്..
ശരിയാണത്..
കാരണം,
ഞാന്‍ ഇന്നൊരു മരുഭൂമിയാണ്..

മുറിവിനെപ്പറ്റിത്തന്നെ

മുറിവ് വിരലിനാണോ
അതോ മനസ്സിനാണോ..?
എവിടെയായാലും മുറിവുകള്‍
മുറിവുകള്‍ തന്നെ..
ഒന്നു മുറിഞ്ഞു..
മനസ്സിനു തന്നെയാണ്
മുറിവേറ്റത്..
ഇവിടെനിന്നും ഒളിച്ചോടിയാലോ
എന്നു തോന്നിപ്പോയി..
മുറിവല്ലേ, സെപ്റ്റിക് ആയാലോ..?
മനസ്സില്‍ വീണ ആ പോറല്‍
നീറി നീറി
മായാത്ത പാടുകള്‍ ഉണ്ടാക്കിയാലോ..?
ഇവിടെയിരിക്കുന്നത്
മുറിഞ്ഞതിനേക്കാളേറെ
നീറ്റല്‍ സഹിച്ചുകൊണ്ടാണ്..
ആരോടും ഒന്നും പറയാതെ..
ഇവിടെയിരിക്കുമ്പോള്‍ ഒരു പക്ഷെ
ആ മുറിവ് പെട്ടെന്നുണങ്ങിയാലോ..!
ഞാനെന്താ ഇങ്ങനെ..??
എപ്പോഴും ഒരു മറയുണ്ടായിരുന്നു
മനസ്സിനു ചുറ്റും..
ശക്തമായ, ആറ്ക്കും ഭേദിക്കാനാവാത്ത
ഒരു പടച്ചട്ടപോലെ..
അതുമുറിച്ചു അപ്പുറത്തേക്കു കടക്കാന്‍
ആരെയും അനുവദിച്ചിരുന്നില്ല..
നെഞ്ചില്‍ ഒരു പോറലേറ്റപ്പോഴാണ്
തിരിച്ചറിഞ്ഞത്,
ആരൊക്കെയോ ആ പുറന്തോടുഭേദിച്ച്
അകത്തു കടന്നിരിക്കുന്നു..
ഉള്ളില്‍ നേറ്ത്ത, തുടിക്കുന്ന ഒരു
ഹൃദയമുണ്ട്..
മൃദുലമായ സ്പറ്ശമേ പാടുള്ളൂ…
ഒരു കൊച്ചു പോറല്‍ പോലും
വല്ലാത്ത നീറ്റലായ് പടരും..
അമ്മ പറഞ്ഞിട്ടുണ്ട്,
ചുവന്നുള്ളിയാണ് നല്ലത്,
കുറച്ചു നീറ്റല്‍ ഉണ്ടാകുമെങ്കിലും
മുറിവ് പെട്ടെന്നുണങ്ങുമത്രെ..!
എല്ലാത്തിനെയും
മനസ്സില്‍ നിന്നു
പുറത്തുകളയാന്‍ ശ്രമിച്ചു
മുന്‍പുണ്ടായതിനെക്കാളേറെ
നീറ്റല്‍ ഉണ്ടെങ്കിലും
മുറിവ് പെട്ടെന്നുണങ്ങുമല്ലോ..!

http://sileepkumar.blogspot.com/2007/11/blog-post_18.html#links

Sunday, November 18, 2007

ഒരു മുറിവ്

ഇന്നലെ,
കൈവിരല്‍ ഒന്നു മുറിഞ്ഞു..
അപ്രതീക്ഷിതമായി
കൈ ഒന്നു പാളിയപ്പോള്‍
ഉണ്ടായ ഒരു മുറിവ്..
ഒരു കൊച്ചു നൊമ്പരം…
മുറിയുമെന്ന് വിചാരിച്ചതേയില്ല..
ആ കത്തിക്ക് അത്ര
മൂറ്ച്ചയുണ്ടാകുമെന്നും വിചാരിച്ചില്ല..
എങ്കിലും മുറിഞ്ഞു..
ഒരു ചെറിയ നീറ്റല്‍..
എന്തു ചെയ്യും ഞാന്‍..?
അനക്കാതെ വെയ്ക്കാം എന്നു വിചാരിച്ചു..
പക്ഷെ, മുറിവല്ലെ,
സെപ്റ്റിക് ആയാലോ..?
പിന്നീട് ആ പാട് ഒരിക്കലും
മാറിയില്ലെങ്കിലോ..?
അമ്മ പറഞ്ഞിട്ടുണ്ട്,
ചുവന്നുള്ളിയാണ് മുറിവിന്
ഏറ്റവും നല്ലതെന്ന്..
അതുകൊണ്ട് ചുവന്നുള്ളി ചതച്ച്
മുറിവില്‍ വച്ചുകെട്ടി..
നല്ല നീറ്റല്‍..
മുറിഞ്ഞപ്പോള്‍ ഉണ്ടായതിനേക്കാളേറെ..
എങ്കിലും
ചുവന്നുള്ളി എടുത്തുകളഞ്ഞില്ല ഞാന്‍..
സഹിച്ചു..
കാരണം, അമ്മ പറഞ്ഞിട്ടുണ്ട്
ചുവന്നുള്ളി വച്ചാല്‍
മുറിവ് പെട്ടെന്നുണങ്ങുമെന്ന്..

Saturday, November 17, 2007

ഇത് എന്നെക്കുറിച്ചാണ്..

ഇതു ഒരു അന്വേഷണമാണ്..
കാലത്തിന്റെ അതിരുകളെ വകഞ്ഞുമാറ്റി
പിന്നോട്ടുള്ള ഒരു അനേഷണം..!!
പിന്നിട്ട വഴികളിലെപ്പോഴോ കയ്യില്‍ വന്നത്,
കുറേ ദൂ‍രം അതായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രേരണ..
ഒരു പുലറ്കാലത്തിലെപ്പോഴോ കൈവെള്ളയില്‍ വന്നുവീണ മഞ്ഞുതുള്ളി..
കൈവിട്ടുപോകാതിരിക്കാനായി കൈ അടച്ചു നെഞ്ചോടു ചേറ്ത്തുപിടിച്ചു.
അത് അവിടെത്തന്നെ ഉണ്ടാകുമെന്ന വിശ്വാസമായിരുന്നു..
പക്ഷെ, പിന്നീടെപ്പോഴോ തുറന്നുനോക്കിയപ്പോള്‍
ഒന്നുമില്ല.. കൈയ്യില്‍ അതിരുന്ന ഒരു പാടുമാത്രം..
ഞാനൊരു പെണ്ണിനെ പ്രണയിച്ചതിങ്ങനെയാണ്..
എത്ര പകലുകള്‍ അവള്‍ കാണാ‍തെ അവളെ ഒരു നോക്കുകാണാന്‍,
ആ തുളസിക്കതിരിന്റെ നൈറ്മ്മല്യത്തെ ഹൃദയംകൊണ്ടൊന്നു തലോടാന്‍..
എത്ര പകലുകള്‍….
എത്ര രാത്രികള്‍, വിങ്ങി വിങ്ങി
ഹൃദയം ശരീരത്തില്‍ നിന്നു പറിഞ്ഞുപോകുമോ എന്നു ഭയന്ന്,
അവളോട് പറയുന്നതെങ്ങനെ
പറയാതിരിക്കുന്നതെങ്ങനെ എന്നു ഭയന്ന്.. എത്ര രാ‍ത്രികള്‍..
നിഷ്കളങ്കമായ പ്രണയം…
മനസ്സില്‍ അവള്‍ മുടിയില്‍ചൂടുന്ന
തുളസിക്കതിരിന്റെ നൈറ്മ്മല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പറഞ്ഞില്ല അവളോട് ഞാന്‍.. ഒന്നും പറഞ്ഞില്ല..
ഹൃദയം തകറ്ക്കപ്പെടുന്നതിനെക്കുറിച്ച് ഓറ്ക്കാന്‍ പോലും ഞാന്‍ അശക്തനായിരുന്നു..
അതുകൊണ്ട് ഒരു വാക്കുപോലും പറഞ്ഞില്ല..
നേറ്ക്കുനേറ് കണ്ടപ്പോള്‍ പോലും ആ കണ്ണുകളില്‍ നോക്കിയില്ല ഞാന്‍..
പ്രണയം എന്നതു
തിരസ്കരിക്കപ്പെടുമോ എന്നുള്ള ഈ ഭയംകൂടിയാണ്..
ഒരു സൂചിമുനക്കുമുകളില്‍
എങ്ങോട്ടെന്നില്ലാ‍തെ പകച്ചുനില്‍ക്കുന്ന ഹൃദയവുമായി എത്ര നാള്‍..
പ്രണയത്തിന്റെ പരിപൂറ്ണ്ണമായ തീഷ്ണത..
ഹൃദയം ചുട്ടുപൊള്ളിയിട്ടുണ്ട്…
രാത്രികളില്‍ എന്തിനെന്നറിയാതെ കരഞ്ഞിട്ടുണ്ട്…
എന്തിനാണ് ഞാന്‍ അന്നു കരഞ്ഞത്…
എനിക്കറിയില്ല അത്..
ചിന്തിച്ചു അപഗ്രഥിക്കേണ്ട ഒരു വികാരമല്ല പ്രണയം,
അത് അനുഭവിച്ചറിയണം..
എല്ലാ തീഷ്ണതയോടും കൂടി അനുഭവിച്ചറിയണം..
ഇന്നു അതൊരു ഓറ്മ്മയാണ്..
പ്രണയം പോലും ഓറ്മ്മയുടെ സാന്ത്വനമായാണ് അനുഭവവേദ്യമാകുന്നത്…
ഒരിക്കല്‍ അനുഭവിച്ച വികാരത്തിന്റെ ബാക്കിയായ ബഹിറ്സ്ഫുരണങ്ങള്‍..
അതു പോലും മുന്നോട്ടുള്ള ജീവിതത്തിനു സാന്ത്വനമാണെന്നു വരുമ്പൊഴാണ്
പ്രണയം എന്തെന്നും എങ്ങനെയെന്നും നാമറിയുന്നത്…
ദൂരെനിന്നു നോക്കിക്കാണുന്ന പറ്വ്വതം
നമുക്ക് ഏറെ വ്യക്തമായിരിക്കുന്നതുപോലെ..
ഒരിക്കല്‍ കൂടി ആ തീഷ്ണത അനുഭവിക്കാന്‍ കൊതിയാണ്..
എനിക്കിന്നു വ്യക്തമാവുന്നു, അവള്‍ ഒരു കണ്ണാടിയാ‍യിരുന്നെന്ന്…
എന്നില്‍ നിറഞ്ഞു തുളുമ്പിനില്‍ക്കുന്ന പ്രണയത്തെ പ്രതിഫലിപ്പിച്ച്
എന്നിലേക്കുതന്നെ ഒഴുക്കുന്ന ഒരു കണ്ണാടി..
അവള്‍ ഇന്നു ഒരു ഓറ്മ്മ മാത്രമാണ്..
വഴിയിലെവിടെയെങ്കിലും വച്ചു കാണുമ്പോള്‍
മുമ്പു കണ്ടിട്ടുണ്ടല്ലോ എന്നോറ്ത്തുപോകുന്ന
വെറുമൊരു മുഖം..
ചിലപ്പോള്‍ അങ്ങനെയല്ലെന്നു വരാം..
ആ മുഖം ഞാന്‍ ഒരിക്കലും മറക്കില്ലായിരിക്കാം..
പക്ഷെ, ഒന്നു തീറ്ച്ചയാണ്,
മുമ്പൊരിക്കല്‍ എന്നില്‍ തിരമാലകളുയറ്ത്തിക്കൊണ്ടു ആഞ്ഞടിച്ച
ആ പ്രണയക്കൊടുങ്കാറ്റ് ഇളക്കിവിടാന്‍
ഇന്ന് അവളുടെ സാന്നിദ്ധ്യത്തിനു ആവില്ല..
കൈവിട്ടുപോയ ആ പ്രണയം തേടി എവിടെയൊക്കെ ഞാന്‍ അലഞ്ഞു..
ഡയറിത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ടപ്പോള്‍
ഞാന്‍ തിരഞ്ഞതു എന്റെ പ്രണയത്തെയാണ്..
അതേപടി പുനറ്സൃഷ്ടിക്കണമെന്നില്ല..
അന്നനുഭവിച്ച ആ വികാരത്തിന്റെ ഒരനുരണനമെങ്കിലും.. അതു മതി..
പക്ഷെ, അതുപോലും എനിക്കു ലഭിച്ചില്ല..
കഥകള്‍..കവിതകള്‍..നോവലുകള്‍..സിനിമകള്‍..
എവിടെയൊക്കെ,
എവിടെയൊക്കെ ദാഹാറ്ത്തനായി ഞാനലഞ്ഞു..
എവിടെയുമില്ല..
ഒടുവില്‍,
കാലം ബാക്കിവച്ചുപോയ കുറേ ഓറ്മ്മകളില്‍ നിന്നു,
പ്രണയം തകറ്ന്നുവീണ അവശിഷ്ടങ്ങളില്‍ നിന്ന്‍,
ഞാനൊരു ദേവതയെ വാറ്ത്തെടുത്തു..
എന്റെ സ്വപ്നങ്ങളിലൂടെ..
എന്റെ കവിതകളിലൂടെ, ഞാനവളെ പ്രണയിച്ചു..
പ്രണയം പെയ്തൊഴിയാത്ത ഒരു കാലം..
എന്റെ കല്‍പനകളില്‍ പ്രണയം പെയ്യുകയാണ്…
തോരാതെ പെയ്യുന്ന മഴപോലെ..
പക്ഷെ, ഇന്നും
എന്റെ പ്രണയത്തിനു ഒരു മുഖം കണ്ടെത്താന്‍ എനിക്കായില്ല..
പ്രണയത്തിന്റെ അഗാധമായ നീലക്കണ്ണുകള്‍ തേടി ഞാനിന്നും അലയുന്നു..
പ്രണയം വ്യറ്ത്ഥമല്ല..
ഒരിക്കല്‍ ഞാനവളെ കാണും..
അന്ന് അവളൊടു പറയാന്‍ ജന്മാന്തരങ്ങളുടെ സ്വപ്നങ്ങളുണ്ടാകും എനിക്കു…
ഇതൊരു പ്രതീക്ഷയാണ്..
ഈ പ്രതീക്ഷയാണ് നാളെ എന്നതിന്റെ പ്രേരണ..!

കൊഴിഞ്ഞുപോയ പ്രണയം

കൌമാരപ്രണയത്തിനു
മഴപ്പാറ്റകളുടെ ആയുസ്സാണ്..
ചിതലുകളായി ജീവിച്ച ബാല്യത്തിനു
ഭാവനയുടെ ചിറകുകള് നല്കി
സ്വപ്നങ്ങളുടെ നിറവാറ്ന്ന ആകാശത്തേക്ക്
പ്രണയം നമ്മളെ ഉയറ്ത്തുന്നു..
പ്രതീഷിക്കാത്ത യാഥാറ്ത്ഥ്യങ്ങളില് തട്ടി
ചിറകറ്റു വീഴുമ്പോള്
ബാക്കിയാക്കപ്പെടുന്നത
കുറച്ച് ഓറ്മ്മകള് മാത്രമാണ്..

Tuesday, October 23, 2007

മൌനം

ഇവിടെ,
ഈ നിമിഷം,
നിനക്കു മുന്നില്‍ എന്റെ
മൌനം മാത്രമേ ഉള്ളൂ..
ഒരായിരം വാക്കുകളേക്കാള്‍
വാചാലമായ മൌനം..
പക്ഷേ നീ പറയുന്നു
ഞാന്‍ നിശബ്ദനാണെന്ന്‌..
നിന്നെ നോക്കുകകൂടി
ചെയ്യുന്നില്ലെന്ന്‌..
എങ്കിലും എന്റെ പെണ്ണേ,
വാക്കുകളേക്കാള്‍ ആഴം
മൌനത്തിനാണെന്ന് എന്തേ നീ
തിരിച്ചറിഞ്ഞില്ല..
മനസ്സ് മനസ്സിനെ അറിയുമ്പോള്‍
പൊള്ളയായ വാക്കുകള്‍ക്ക്
സ്ഥാനമെവിടെ..?
നിനക്കായ് പെറുക്കിക്കൂട്ടുന്ന
ഓരോ വാക്കിനു പിന്നിലും
രാത്രിയെ അതിശയിക്കുന്ന
മൌനമുണ്ടായിരുന്നു..
അവിടെ,
അതിന്റെ ആഴങ്ങളില്‍
നിനക്കായ് ഞാന്‍ കാത്തുവെച്ചത്
തുടിക്കുന്ന ഒരു ഹൃദയമായിരുന്നു..
ഒരിക്കല്‍
എന്റെ വാക്കുകള്‍
ഒരു ചാറ്റല്‍മഴ പോലെ
നിന്നില്‍ നനഞ്ഞിറങ്ങിയപ്പോള്‍
നീ വിറകൊണ്ടതെന്തിനായിരുന്നു..?
അറിയാതെയെങ്കിലും എന്നിലെ
നിശ്വാസത്തിന്റെ അലകള്‍
നിന്നെ സ്പറ്ശിച്ചിരുന്നുവോ..?
അതോ എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്തപോലെ
ഭാവിക്കുകയാണോ..?
നിന്റെ ഈ ഒളിച്ചുകളിയില്‍
പിടയുന്നത് എന്റെ ഹൃദയമാണ്..

Monday, October 15, 2007

ഇന്നലത്തെ മഴയുടെ ബാക്കി

ഒരു ഏപ്രില്‍ മാസ രാത്രി..
ഞാന്‍ ഞെട്ടിയുണറ്ന്നു.. ഹൊ ! അതൊരു സ്വപ്നമായിരുന്നു.. കിനാവിനെ ഓറ്ത്തെടുക്കവെ കൂജയില്‍ അവശേഷിച്ച വെള്ളം ഞാന്‍ കുടിച്ചു തീറ്ത്തു. ഞാന്‍ വിയറ്ത്തിരുന്നു..! പുറത്തു മഴ തോറ്ന്നിരുന്നില്ല. തീരെ പ്രതീക്ഷിക്കതെ കടന്നു വന്ന വേനല്‍ മഴ..! പകുതി തുറന്നു വച്ച ജനല്‍പ്പാളികളീലൂടെ നേറ്ത്ത തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്‌. ഏപ്രില്‍ മാസമല്ലേ, ചൂടു കൂടുതലായതിനാല്‍ ഞാന്‍ ജനല്‍ മുഴുവനായി അടയ്ക്കാറില്ല. തണുപ്പ്‌ വിറകൊള്ളിക്കവെ പുതപ്പിന്റെ സുരക്ഷിതത്വ്ത്തിലേക്ക്‌ ഞാന്‍ ചുരുണ്ടുകൂടി. പൊട്ടിപ്പോയ ഓടിനു പകരം തിരുകിവച്ച ഇരുമ്പുതകിടില്‍ മഴത്തുള്ളികള്‍ പതിക്കുന്നതു പുറത്തെ ഇരമ്പലില്‍ നിന്നും വേറ്തിരിച്ചു കേള്‍ക്കാം. ആ താളം കേട്ടുകിടക്കവേ, അപ്രതീക്ഷിതമായ മഴക്കൊപ്പം എത്ര അപ്രതീക്ഷിതമായാണ്‌ അവള്‍ എന്നിലേക്കു കടന്നു വന്നതെന്നോറ്ത്തു ഞാന്‍ അദ്ഭുതപ്പെട്ടു. ഒരു പക്ഷേ അതൊരു സ്വപ്നമല്ലായിരുന്നെങ്കില്‍ ആ സ്നേഹത്തിനു വേണ്ടി എനിക്കുള്ളതെല്ലാം ഞാന്‍ വിട്ടുകൊടുക്കുമായിരുന്നു.

“ ജമീല്ത്താ..” ഞാന്‍ വിളിച്ചു.

എന്നോ എവിടെയോ നഷ്ട്ടമായ സ്വപ്നങ്ങളെ വിദൂരമായ ആകാശനീലിനയില്‍ നിന്ന്‌ ഒപ്പിയെടുക്കാന്‍ അവളുടെ കണ്ണുകള്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

“ ജമീല്ത്താ… ജമീല്ത്താ..” ഞാന്‍ വീണ്ടും വിളിച്ചു.

അവള്‍ നോക്കിയില്ല. നോക്കിയത്‌ അവളുടെ ഉമ്മയാണ്.

“ എന്താ മോനേ..? “ അവരുടെ ചോദ്യത്തിനു മറുപടിപറയാതെ ജമീല്‍ത്ത എന്ന കാഴ്ചയിലേക്കു ഞാനലിഞ്ഞു.

“ ഉമ്മീ, എനിച്ചു വെശ്ക്കണു..”

അവളുടെ മോനാണ്. അവള്‍ വിരിയും മുമ്പെ അവളില്‍ വിരിഞ്ഞ, അവളുടെ പ്രണയം ബാക്കിവച്ച ഒരോറ്മ്മക്കുറിപ്പ്‌. അന്ന്‌ കൈകോറ്ത്തു പിടിച്ചു കൂടെ നടന്നവന്‍ പെട്ടെന്നൊരു വഴിത്തിരിവില്‍ കൈവിട്ടു അകന്നുപോയപ്പോള്‍ കണ്ണുനീറ് വീണ്‌ കെട്ടുപോയ പ്രണയത്തിന്റെ തിരിനാളം വീണ്ടും ആ കണ്ണുകളില്‍ തിളങ്ങുന്നതു ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ കണ്ടു. അതോ എനിക്കു തോന്നിയതാണോ..?

ഞാന്‍ കൈകള്‍ നീട്ടി. അവള്‍ എന്റെ കൈകളില്‍ അഭയം കണ്ടെത്തി. ആ കൈകള്‍ പിടിച്ച് ഞാന്‍ ഓടി. ദൂരേക്ക്.. കശുമാവിന്‍ തോട്ടങ്ങള്‍ക്കും മുകളിലൂടെ, ഓടിട്ട വീടുകള്‍ക്കും മുകളിലൂടെ ഞങ്ങള്‍ വായുവിനെ തഴുകി കടന്നുപോയി. എന്റെ പാതപതനങ്ങളേറ്റ്‌ ഓടുകള്‍ ഇളകി വീണു.

അനന്തമായ ആകാശനീലിമയിലേക്ക്‌ പറന്നു കയറാന്‍ അവളുടെ സ്നേഹം എനിക്കു ചിറകുകളായി. അവള്‍ എന്റെ കൈകളില്‍ സുരക്ഷിതയായിരുന്നു. ദൂരെ, നിറയെ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ഒരു താഴ്വാരത്തില്‍ ഞങ്ങള്‍ അഭയം തേടി.

അവളുടെ നീലഞെരമ്പോടിയ കൈത്തണ്ടയില്‍, ഒരു കിനാവിന്റെ ശേഷിപ്പുപോലെയുള്ള നഖങ്ങളിലെ മങ്ങിയ മൈലാഞ്ചിച്ചുവപ്പില്‍ ഞാന്‍ മെല്ലെ തലോടി. എന്റെ നെഞ്ചോടു ചേറ്ത്തു ഞാന്‍ അവളെയൊരു മുല്ലവള്ളിയാക്കി. ഞാനാകുന്ന മുള്‍മുരിക്കില്‍ അവള്‍ പടറ്ന്നു. വെള്ളിമേഘപ്പുതപ്പില്‍ നിന്നും എത്തിനോക്കുന്ന ചന്ദ്രനെനോക്കി അവളുടെ മടിയില്‍ തലചായ്ച്ചുകിടക്കവേ ഇതെല്ലാം എത്ര യാദൃശ്ചികമെന്നോറ്ത്ത്‌ ഞാനദ്ഭുതപ്പെട്ടു.

നീയാരാണെനിക്ക്‌, എന്റെ പ്രിയപ്പെട്ട ജമീലാ.., ഒരു പ്രണയഗീതം പോലെ എന്നെ ഒരു സ്നേഹനൊമ്പരത്തിന്റെ അഗാധനീലിമയിലേക്ക്‌ ആഴ്ത്തിക്കൊണ്ടുപോയ നീ ആരാണ്..? ഒരു കൊച്ചുകാറ്റ്‌ ഓറ്മ്മപ്പെടുത്തുന്ന സംഗീതം പോലെ നീ എന്നില്‍ നിലാവുപെയ്യിക്കുന്നു.

“ നീയൊരു ഹിന്ദു ! അവളെ വിടടാ..” അവളുടെ ഉമ്മ ആക്രോശിച്ചു.

അവറ് എങ്ങനെ എന്നെ പിന്തുടറ്ന്ന്‌ ഇവിടെയെത്തിയെന്ന്‌ ഞാന്‍ അദ്ഭുതപ്പെട്ടില്ല. ലോകം അവറ്ക്കുപിന്നില്‍ അണിനിരന്ന്‌ എനിക്കുനേരെ വാളോങ്ങുന്നത്‌ ഞാന്‍ കണ്ടു. എന്റെ കണ്ണുകളില്‍ തീയാളി. അതു കണ്ട്‌ അവള്‍, എന്റെ പ്രിയപ്പെട്ട ജമീല. ഭയന്നു, നെഞ്ചോടു ചേറ്ന്ന്‌ നിന്ന്‌ എന്നെ കട്ടിപ്പിടിച്ചു, ആ മുഖം നെഞ്ചില്‍ ചേറ്ത്തു.

“ ഉമ്മീ, എനിച്ചു വെശ്ക്കണു…”

ജമീലാ.., നിന്റെ മോനാണ്, നീ വിരിയുന്നതിനുമുമ്പേ നിന്നില്‍ വിരിഞ്ഞ, നിന്റെ പ്രണയം ബാക്കിവച്ച ഒരോറ്മ്മക്കുറിപ്പ്‌.
എന്നിലെ കനല്‍ കെട്ടു. കണ്ണു നിറഞ്ഞു. അവറ് അവളെ എന്നില്‍ നിന്നും പിടിച്ചുവാങ്ങി. ദയനീയമായി അവള്‍ എന്നെ നോക്കി.

“ ഉമ്മീ, എനിച്ചു വെശ്ക്കണു..” അവളുടെ മോനാണ്.

അവളെ വിട്ടുകൊടുക്കുകയല്ലാതെ മറ്റെന്താണെനിക്കവുക. ഞാന്‍ കരഞ്ഞു. നിലത്ത് മുട്ടുകുത്തി മണ്ണില്‍ മുഖം ചേറ്ത്ത് വിതുമ്പിക്കരഞ്ഞു. അവളെ അവറ് എന്നില്‍ നിന്നും അടറ്ത്തിമാറ്റി ദൂരേക്ക് കൊണ്ടുപോയി.

“ ജമീലാ.., എന്റെ പ്രിയപ്പെട്ട ജമീല്ത്താ…”

ഒരു വിശക്കുന്ന കുഞ്ഞിനെപ്പോലെ അവള്‍ക്കായി ഞാന്‍ ഭ്രാന്തമായി നിലവിളിച്ചു. എല്ലാ ദിക്കുകളിലേക്കും ഞാനെന്റെ കൈകള്‍ നീട്ടി. മഴപെയ്തു തണുത്ത രാത്രിയിലെ ഘനം വച്ച വായുമാത്രം എന്റെ കൈകളില്‍ തങ്ങിക്കിടന്നു.

ഞാന്‍ ഞെട്ടിയുണറ്ന്നു. ഹൊ! അതൊരു സ്വപ്നമായിരുന്നു. ഒരു തുള്ളി കണ്ണുനീരിന്റെ ബാക്കിയായ നനവുമായി ആ ഓറ്മ്മകള്‍ വന്നുനിറയുന്ന മുറിയില്‍ ഞാന്‍ ദീറ്ഘമായി നിശ്വസിച്ചു.

പുലറ്ച്ചെ..

ഒരു മഴത്തുള്ളി വീണു. താഴെ മണ്ണില്‍ വീണു ചിതറി.

മരം പെയ്യുകയാണ്. ഇന്നലത്തെ മഴയുടെ ബാക്കി.

സ്നേഹം ഒരു പുഴപോലെയാണ്. ഒരു തിരിവില്‍ വച്ചു ആ പുഴ നമുക്കു നഷ്ടമാവുമ്പോള്‍, പൊടുന്നനെ ഒരു നിമിഷം കൊണ്ടു അനാഥനാക്കപ്പെട്ട ഒരുവന്റെ ഹൃദയവ്യഥയാണ്‌ ബാക്കിയാവുക.

വീണ്ടും ഒരുച്ച.

വെയില്‍..

ഇളം കാറ്റ്..

ഓറ്മ്മകളുടെ സംഗീതം..

ഒരു കിളി എന്നോടു ചിലച്ചു. “ ജീവിതം സുന്ദരമായ ഒരു താഴ്വാരം പോലെയോ, വറ്ണ്ണങ്ങള്‍ വാരിവിതറിയ നിറയെ തേനൂറുന്ന പൂക്കളുള്ള ഒരു പൂന്തോട്ടം പോലെയൊ അല്ല. സ്വപ്നത്തില്‍ തെളിയുന്ന ചിത്രങ്ങളൊക്കെ നമ്മുടെ മനസ്സിന്റെ നിഗൂഢതയില്‍ വിരിയുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണ്‌..”

എനിക്കുറക്കം വന്നു. പക്ഷെ ഞാനുറങ്ങിയില്ല. മുന്നില്‍ കൊഴിഞ്ഞു വീണ കിനാവിന്റെ വാലറ്റം തേടി ഞാനലഞ്ഞു. ഓറ്മ്മകളില്‍ തോണിതുഴയവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു ചാറ്റല്‍മഴപോലെ പാ‍ദസരത്തിന്റെ നേറ്ത്ത താളം എന്നെത്തിരഞ്ഞെത്തി. പൊടുന്നനെ എനിക്കുമുന്നില്‍ ഒരു പിച്ചകപ്പാ‍ടം പൂത്തുലഞ്ഞു. അവള്‍.. അവളുടെ മണം.. ജമീല്ത്താ..

മറഞ്ഞുപൊയ ആ കിനാവിന്റെ അവശേഷിപ്പ് എന്റെ നെഞ്ചില്‍ നിറഞ്ഞു വിങ്ങിക്കൊണ്ടിരുന്നു. പക്ഷെ, ബന്ധങ്ങളുടെ പെരുവിരല്‍ മുറിച്ചെറിയാനാവാത്തതുകൊണ്ടു മൌനതിന്റെ ഗുഹാമുഖത്തേക്ക് ഓടിയൊളിക്കുകയല്ലാതെ മറ്റെന്താണെനിക്കവുക.

“ ജമീല്‍ത്ത ഇരിക്കൂ..” എന്റെ ശബ്ദം വിറകൊണ്ടു.

അവള്‍ എന്റെയടുത്തിരുന്നു. ഹൃദയത്തെ കുത്തിനോവിക്കുന്ന ഏകാന്തതയില്‍, ജീവിതത്തിന്റെ തളപ്പൂട്ടുകള്‍ അവശേഷിപ്പിച്ച ചിന്തകളില്‍ ഞാന്‍ സ്വയം ബന്ദിയായപ്പോള്‍, കണ്ണുകളില്‍ നിറസ്നേഹത്തിന്റെ കനലുമായ് വന്നത് നീ തന്നെയെന്നോ ജമീലാ..? പാല്‍നിലാവില്‍ ജലപ്പരപ്പിനു മേലെ ഞാന്‍ ഒരു പാട്ടുപോലെ പൊങ്ങിയൊഴുകിനടന്നത് നിന്റെ സ്നേഹത്തിന്റെ ചിറകിലേറിയെന്നോ..?

“ ഇന്നു നിന്നെ പുറത്തേക്കു കണ്ടതേയില്ലല്ലൊ..?” അവള്‍ അന്വേഷിച്ചു.

ആ ചോദ്യം ഒരു കിനാവില്‍ നിന്നും പകല്‍ വെളിച്ചത്തിലേക്ക് എന്നെ എടുത്തെറിഞ്ഞു. എനിക്കുചുറ്റും ഞാന്‍ തന്നെ സങ്കല്‍പ്പിച്ചെടുത്ത ഭ്രമകല്‍പ്പനകളില്‍ ഒരു മേഘക്കീറുപോലെ സ്വയം നഷ്ടപ്പെടുകയാണെന്ന തോന്നലില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ കൈവിട്ടു അപരിചിതമായ ഒരു നഗരത്തിന്റെ തിരക്കേറിയ തെരുവില്‍ അകപ്പെട്ട കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ കരഞ്ഞു. അവളുടെ മടിയില്‍ മുഖംതാഴ്ത്തി തേങ്ങിക്കരഞ്ഞു. സ്നേഹനൊമ്പരങ്ങളുടെ സങ്കടക്കടല്‍ ഒരു കണ്ണീറ്മഴയായ് പെയ്തു.

അവള്‍ അദ്ഭുതപ്പെട്ടില്ല, അമ്പരന്നില്ല..!

ആ കൈകള്‍ എന്റെ നെറുകില്‍ തലോടുന്നതു ഒരു താരാട്ടുപോലെ ഞാനറിഞ്ഞു. ഞാ‍ന്‍ മുഖമുയറ്ത്തിനോക്കി. അവളുടെ കണ്ണുകളില്‍ രണ്ടുതുള്ളി കണ്ണുനീറ് തിളങ്ങി. അത് എന്റെ മുഖത്തേയ്ക്കു വീണു.

“ ഇന്നലത്തെ മഴയുടെ ബാക്കി..” അവള്‍ മന്ത്രിച്ചു.

“ അതൊരു സ്വപ്നമായിരുന്നില്ലേ..?” ഞാന്‍ അവളോടു അദ്ഭുതപ്പെട്ടു.

അവള്‍ ഒന്നും പറഞ്ഞില്ല. മറുപടി ഞാന്‍ പ്രതീക്ഷിച്ചുമില്ല. ഒരു കിനാവിന്റെ ഓറ്മ്മയില്‍ എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അവളുടെ മടിയില്‍ മുഖം ചേറ്ത്തു കിടക്കവേ, ആ സ്നേഹം നനുത്ത വിരല്‍ നീട്ടി എന്നെത്തഴുകിയപ്പോള്‍ എന്റെ ദു:ഖമണഞ്ഞു. മനസ്സ് ശാന്തമാക്കുന്നത് അദ്ഭുതത്തോടെ ഞാനറിഞ്ഞു. ഈ ലോകത്തു എല്ലാത്തിനോടും എനിക്കു സ്നേഹം തോന്നി. അവള്‍ എന്റെ നെറുകയില്‍ തലോടിക്കൊണ്ടിരുന്നു.

“ പാവം കുട്ടി.. എന്റെ പാവം കുട്ടി..” അവള്‍ മന്ത്രിച്ചു.

ആ കണ്ണുകളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീറ്കൂടി പൊഴിഞ്ഞു. ഇന്നലത്തെ മഴയുടെ ബാക്കി…!

Saturday, October 6, 2007

അന്വേഷണം

ഇവിടെ,
ഇവിടെ ഞാന്‍ ഒരു പുനറ്ജന്മമാണ്..
അപൂറ്ണ്ണമായ ഒരുപാടു
ജന്മങ്ങളുടെ തുടറ്ച്ചപോലെ..
ജന്മാന്തരസ്നേഹങ്ങളുടെ
തുടിപ്പുകള്‍ക്കായി കാതോറ്ത്ത് അങ്ങനെ..
വാക്കുകള്‍ക്കിടയില്‍ കാത്തുവച്ച
മൌനം മുറിക്കാന്‍,
കൊഴിഞ്ഞുവീണ വസന്തങ്ങളുടെ
മുഴുവന്‍ സുഗന്ധവും പേറി,
നെഞ്ചില്‍ നിറഞ്ഞുവിങ്ങുന്ന
സ്നേഹവുമായി,
അവള്‍ വരും..
അവളുടെ സ്നേഹം
എനിക്കു മുകളില്‍ മഴയായ് പെയ്യും..
വീണ്ടും സ്വപ്നങ്ങള്‍
തളിരിടും..
പൌറ്ണ്ണമികളില്‍
വെണ്മേഘങ്ങളായ്‌ അലയും..
വാനമ്പാടികളുടെ പാട്ടിനായ്
അകലേക്കു കാതോറ്ക്കും..
ഒടുവില്‍ നിലാവിന്റെ കുളിറ്മയില്‍
അലിഞ്ഞുചേരും..
അതുവരെ,
ജന്മാന്തരങ്ങളുടെ ഈ വാഗ്ദാനങ്ങള്‍
പാലിക്കാന്‍ അവള്‍ എത്തും വരെ,
അതുവരെ
ഈ അന്വേഷണം തുടരും..

Wednesday, September 5, 2007

ഓറ്മ്മക്കൂട്ടിലെ ഒരോറ്മ്മക്കായ്‌..

ഒരിക്കല്ക്കൂടി
ഇവിടെ, ഈ തീരത്ത്,
സന്ധ്യ പടരുന്നതും കാത്ത്
ഞാനിരിക്കുകയാണ്…
ഒറ്റക്കിരിക്കുകയാണ്…
ഇപ്പൊള് മനസില് നിറയുന്നത് എന്താണാവോ..?

വീണ്ടുമൊരിക്കല്ക്കൂടി
ഹൃദയത്തില്
പുതിയ പുലറ്ച്ചെകള് സ്വപ്നം കണ്ട്,
ആ പുലറ്ച്ചെകളില് വിരിയുന്ന
സൌഹൃദത്തിന്റെ
മറ്റൊരു വസന്തവും പ്രതീക്ഷിച്ച്,
ഞാനിവിടെ,
ഈ തീരത്ത്,
വീണ്ടുമെത്തിയേക്കാം..
പക്ഷേ,
അതും മറ്റൊരു അസ്തമയത്തിനായുള്ള
വിരസമായ കാത്തിരിപ്പിനുവേണ്ടി
മാത്രമായിരിക്കുമോ..?

ചിലറ് പറയുന്നു,
ഈ തീരം ഒരു മായക്കാഴ്ച്ചയാണെന്ന്..
ഒരിക്കലും, ഒന്നും,
വിശ്വസിച്ചു നെഞ്ചോടു ചേറ്ക്കരുതെന്ന്..
ശരിയാണോ..?

ഇവിടെ നമ്മള്
പരസ്പരം പങ്കുവെച്ചതെന്താണ്.?
നേരമ്പോക്കിന്റെ തമാശകള്ക്കും
നേരമില്ലാത്തയോറ്മ്മകള്ക്കുമിടയില്
തളക്കപ്പെട്ടതു്
നമ്മുടെ മനസുകളായിരുന്നൊ..?

കളിയാക്കിയും തമാശപറഞ്ഞും നുള്ളി നോവിച്ചും
ഇടക്കൊക്കെ കാര്യം പറഞ്ഞും
നമ്മള് പങ്കുവെച്ച നിമിഷങ്ങളുടെ
അറ്റമില്ലാത്തയൊര്മ്മകള്ക്കു മുന്നില്
ഒരു ചോദ്യം,
ഇന്ററ്നെറ്റ് സൌഹൃദങ്ങള്ക്ക്
മഴപ്പാറ്റകളുടെ ആയുസ്സാണെന്നു പറയുന്നത്
ശരിയാണോ..??

Wednesday, April 25, 2007

ഒരു കിനാവ്

കണ്ണൂനീറ്ത്തുള്ളി ഒരു കിനാവുകാണുകയാണ്..
കിനാവ് ഒരു കവിതയാവുകയാണ്‍..
കവിത വീണ്ടും ഒരു നിഴലാവുകയാണ്..
നിഴല്‍ നീളം വക്കുകയും
ഇരുട്ടില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു..
ബാക്കിയാവുന്നത് ഇരുട്ടു മാത്രമാണ്..
അവള്‍ വെളിച്ചമായിരുന്നു,
വെളിച്ചം അവളായിരുന്നു,
ഒരു കിനാവ്,
ഒരു നിലാവ്,
ഒരു നിലാവില്‍ ഒരു കിനാവ്..
അവള്‍ പൂവായിരുന്നു,
പൂവ് അവളായിരുന്നു,
വണ്ട് ഞാനായിരുന്നു,,
തേന്‍ സ്നേഹമായിരുന്നു..
ഒരു കാറ്റ്,
ഒരു ഗന്ധം,
ഒരു കാ‍റ്റില്‍ ഒരു ഗന്ധം..
അവള്‍ വാനമ്പാടിയായിരുന്നു,
വാനമ്പാടി അവളായിരുന്നു,
കേട്ടത് ഞാനായിരുന്നു,
കേട്ടത് അവളെയായിരുന്നു..
ഒരു രാവ്,
ഒരു പാട്ട്,
ഒരു രാവില്‍ ഒരു പാട്ട്..
ഇലത്തുമ്പില്‍ നിന്നിറ്റുവീണ മഴത്തുള്ളിയില്‍
അവളുടെ മുഖം താഴെ വീണു ചിതറി..
കിനാവ് മാഞ്ഞുപോയി..
പാട്ട് തീറ്ന്നുപോയി..
നെഞ്ചില്‍ നിറഞ്ഞുവിങ്ങുന്ന
സ്നേഹം മാത്രം ബാക്കിയായി..
സ്നേഹം പുഴയായി..
അവള്‍ മഴയായി..
മഴപെയ്തൊഴിഞ്ഞിട്ടും പുഴ ഒഴുകി..
ആശകളുടെ വേനലില്‍ പുഴ വഴുതിവീണപ്പൊഴും
അവള്‍ പെയ്തില്ല പിന്നീട്..
കണ്ണുനീരില്‍ കിനാവ് ഒലിച്ചുപോയി..
കവിത നിഴലായി..
നിഴല്‍ ഇരുട്ടായി.
ഞാന്‍ ഇരുട്ടിലായി..
ഇരുട്ടു ഞാനായി..
അപ്പൊള്‍,
വെളിച്ചമെവിടെ..?
പൂവെവിടെ..?
വാനമ്പാടിയെവിടെ..?
അവളെവിടെ..?

Tuesday, April 24, 2007

എന്റെ പ്രണയം


പ്രണയം ആദ്യം ഒരാഘാതവും
പിന്നെയൊരു പ്രത്യാഘാതവുമാണ്‌..
ഒരറിവില്ലായ്മയാണു പ്രണയം.
സ്വയം വെളിപ്പെടുന്ന പ്രണയം
ഒരു പിടച്ചിലാണ്‌;
മരിച്ചുപോയ ആത്മാവിന്റെ പുനര്‍ജനി..
കാലം എന്നെ നോവിക്കാതെ
കടന്നുപോയതായിരുന്നു,
അതിനിടയിലെപ്പോഴോ
എനിക്കുചുറ്റും വട്ടമിട്ടുപറന്ന്‌
എന്നെ കുത്തിയ കടന്നലാണു നീ..
തിരിച്ചറിവുകള്‍ നെഞ്ചില്‍ തീ പടര്‍ത്തി..
ഇന്ന്‌ കത്തുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയാണു ഞാന്‍..
എന്റെ ഹൃദയത്തില്‍ നീ
പ്രണയത്തിന്റെ മൈലാഞ്ചിക്കോലങ്ങള്‍ വരച്ചതു
ഞാനറിഞ്ഞതേയില്ല..
ആര്‍ക്കോ വേണ്ടി പറഞ്ഞുവെക്കപ്പെട്ട
ഒരു കാശിത്തുമ്പപ്പൂവാണു
നീ എന്ന തിരിച്ചറിവില്‍ കൊഴിഞ്ഞുവീണത്‌,
സ്വപ്നങ്ങളില്‍ മുളപൊട്ടി, വിടരാതെപോയ
ഒരു കണിക്കൊന്നമൊട്ടായിരുന്നു..
പൂത്തുലഞ്ഞുനില്‍ക്കുന്ന
പ്രണയത്തിന്റെ കണിക്കൊന്ന,
എന്റെ സങ്കല്‍പ്പം മാത്രമാണ്‌ എന്ന തിരിച്ചറിവില്‍
വിണ്ടുകീറപ്പെട്ടതു
ഒരു ഹൃദയമായിരുന്നു..
അപ്രതീക്ഷിതമായി കടന്നുവന്ന ആ പ്രണയത്തീമഴ
എന്നെ പൊള്ളിച്ചുകളഞ്ഞു..
ഒരു ചെറുകാറ്റെങ്കിലും എനിക്കാ,
സൂചനതന്നിരുന്നുവെങ്കില്‍,
ഞാനെപ്പൊഴേ ഓടിയൊളിച്ചേനേ..
കൌമാരം പിന്നിട്ടപ്പോള്‍ പ്രണയം,
ബന്ധങ്ങളുടെ പൂര്‍ണ്ണതയായി മാറുന്നു;
ഹൃദയബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍
പൊട്ടിച്ചെറിയാന്‍
എനിക്കിന്നു കഴിവില്ല..
ഒരുകെട്ടുപൊട്ടിയാല്‍ നോവുന്നത്‌
എനിക്കു മാത്രമല്ല എന്ന തിരിച്ചറിവില്‍
ഞാന്‍ എന്നെത്തന്നെ ബലികഴിക്കുന്നു..
ഈ ബലിയില്‍ ഞാന്‍ അനുഭവിക്കുന്ന വേദന,
മറ്റൊരാനന്ദമാണ്‌..
പ്രണയമെന്നത്‌ കേവലം ഒരു വികാരമല്ല;
ഹൃദയവികാരങ്ങളുടെ പൂര്‍ണ്ണതയാണ്‌ പ്രണയം..
നിനക്കായ്‌ ഞാനിന്നു കണ്ണീര്‍വാര്‍ക്കുന്നുവെങ്കില്‍,
അതു കുറേ പുഞ്ചിരികള്‍
നഷ്ടപ്പെടാതിരിക്കാനാണ്‌;
വെളിച്ചത്തെനോക്കി ഞാനിന്നു പുഞ്ചിരിക്കുമ്പോള്‍
എന്നില്‍ പിടയുന്നത്‌,
ചോരവാര്‍ന്നൊഴുകുന്ന ഒരു ഹൃദയമാണ്‌..

പ്രണയത്തിന്റെ മുത്തുച്ചിപ്പി


നീ നിറവില്‍ നിന്നും
വരള്‍ച്ചയിലെക്ക്‌ എടുത്തെറിയപ്പെട്ട
സ്വപ്നങ്ങളുടെ കണ്ണുനീരാണ്‌..
ഹൃദയത്തിലേക്ക്‌ പ്രണയം പടറ്‍ന്നുകയറി
ജീവിതം പൊള്ളിപ്പൊയവള്‍..
കറ്റിന്റെ കനിവും
നിലാവിന്റെ കുളിരുമായ പ്രണയം
നിനക്ക്‌ അന്ന്യം.
പ്രണയം നിനക്ക്‌ ചങ്കില്‍ത്തറച്ചുപോയ
ഒരു കാരമുള്ളാണ്
ഓരോ നിമിഷവും ചോരവാറ്‍ന്നൊലിച്ച്‌
നീറിക്കൊണ്ടിരിക്കുന്ന ഒരു മുറിവ്‌..
പ്രണയം നിനക്കു
തോരാതെ പെയ്യുന്ന കണ്ണീറ്‍മഴ..
ഓരോ പ്രണയവും
ഓരോ ആത്മഹത്യകളാണ്‍`..
ഇടനെഞ്ചില്‍ വിഷം പുരട്ടിയ കഠാരി
കുത്തിയിറക്കിക്കൊണ്ടുള്ള ആത്മഹത്യ..
അല്ലെങ്കില്‍
ഇലകളും പൂക്കളും കൊഴിഞ്ഞ്‌, വിജനമാക്കപ്പെട്ട
സ്വപ്നങ്ങളുടെ ചില്ലകളില്‍ ഒടുക്കപ്പെട്ട
തൂങ്ങിച്ചാവലുകള്‍..
നിന്റെ പകല്‍ക്കിനാവുകളെ പിന്തുടറ്‍ന്ന്‌
ബലാത്സംഗം ചെയ്യുന്ന വില്ലനെപ്പോലെ
പ്രണയം..
പ്രണയത്തിന്റെ സുനാമികള്‍ ആഞ്ഞടിച്ചു
തകറ്‍ന്നുപോയ ഒരു ഹൃദയമാണ്‌
നിന്നില്‍ ബാക്കിയുള്ളത്‌.
നീ ഒഴിഞ്ഞുമാറിയപ്പൊഴും ഓടിയൊളിച്ചപ്പൊഴും
പിന്തുടറ്‍ന്നു പിടിച്ചുകെട്ടി ബലിക്കല്ലില്‍ വച്ചു
ഇഞ്ചിഞ്ചായ്‌ വെട്ടിയവനാണു പ്രണയം..
നിന്റെ നെഞ്ചു കീറി
ഹൃദയംചൂഴ്ന്നെടുത്തവനാണു പ്രണയം..
മദ്യത്തേക്കള്‍ ലഹരിയാണ്‍` പ്രണയത്തിനെന്നുപറഞ്ഞ്‌`
കരഞ്ഞതേയില്ല നീ..
നാളയെ മുരടിപ്പിച്ചു നിറ്‍ത്തുന്ന
ഇന്നലെയുടെ ഓറ്‍മ്മയാണു പ്രണയം..
നീ വളറ്‍ന്നില്ല..
നീ തളറ്‍നില്ല..
നിനക്കുമുന്നില്‍ കാലം വളറ്‍ന്നു
പ്രണയത്തിന്റെ കൈകള്‍വെദനിപ്പിക്കുന്ന
സന്തോഷമാണെന്നു നീ പറഞ്ഞു.
ആ കൈകളില്‍ നിന്നു കുതറിയോടാന്‍
നീ ശ്രമിച്ചതേയില്ല.
ഒരു വിലപ്പെട്ട ജന്‍മം മുഴുവന്‍
ആ നൊമ്പരം ഉള്ളില്‌വച്ചു,
നിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും
സങ്കടങ്ങളെയും സന്തൊഷങ്ങളെയും
കൊണ്ടു പൊതിഞ്ഞു
ഒരു മുത്താക്കി നീ മാറ്റിയെടുത്തു..
നീ പ്രണയത്തിന്റെ ഒരു മുത്തുച്ചിപ്പിയാണ്‌...

Monday, April 23, 2007

ഇനി ഞാന്‍ യാത്ര പറയട്ടെ...

കാലചക്രത്തിന്റെ ദ്രുതപ്രവാഹത്തില്‍ കൊഴിഞ്ഞുവീണ രണ്ടു വര്‍ഷങ്ങള്‍..
കളിച്ചും ചിരിച്ചും നടന്നുകയറിയ പാതകള്‍ അവസാനിപ്പിക്കേണ്ടിവരുമ്പോള്‍
സ്മൃതികളുടെ സാന്ധ്യപ്രകാശത്തില്‍ അര്‍ത്ഥശൂന്യമായ ഒരു പൊട്ടിക്കരച്ചിലാണു ബാക്കിയാവുന്നത്‌..
ഈ കലാലയ ജീവിതം ഇനി സ്മൃതിപഥത്തില്‍ സുഖമുള്ള ഒരു നൊമ്പരം..
ഈ ക്ളാസ്സ്‌ മുറികള്‍ ഇനിയെനിക്കന്യം..
ഈ നീണ്ട ഇടനാഴികള്‍ ഇനി എന്റെ നഷ്ടസ്മൃതികള്‍..
പ്രിയപ്പെട്ട കൂട്ടുകാരേ, നമ്മുടെ സൌഹൃദത്തിന്റെ ആഴം അഗാധമായ സമുദ്രം മാതിരി..
എന്നിട്ടും നിങ്ങള്‍ എന്നെ തനിച്ചാക്കുന്നു,
സ്മൃതിയുടെ ഏടുകളില്‍ സൂക്ഷിക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്‌ കടന്നുപോകുന്നു..
ഒരിലകൂടി ഈ മുറ്റത്ത്‌ കൊഴിഞ്ഞുവീഴും മുമ്പേ,
സന്ധ്യ പടരാന്‍ കാത്തുനില്‍ക്കാതെ ഞാനും അരങ്ങൊഴിയുകയാണ്‌,
ഇനിയും ഈ വസന്തം ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ....

Tuesday, April 10, 2007

യാത്ര

യാത്ര

യാത്രയാണിത്‌..
കിനാവുകളില്‍ നിന്ന്‌ കിനാവുകളിലേക്ക്‌
ചുങ്കംകൊടുക്കാത്ത ഒരു പതിവുകാരനെപ്പൊലെ..
പകല്‍ വെളിച്ചത്തില്‍ ആല്‍മരക്കൊമ്പിലെ
നരിച്ചീറുകള്‍ക്കു കണ്ണു കണാതായി..
ജീവിതമാണാ തൂങ്ങി കിടക്കുന്നതു..
കാട്ടുതീ പൊലെ വ്യഥകള്‍
ജീവിതത്തിലേക്കു പടറ്‍ന്നു കയറിയപ്പോള്‍
ഞാന്‍ കാടായി കത്തിത്തീര്‍ന്നു. .
അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം
തെരുവു മധ്യത്തിലേക്കു എറിഞ്ഞുടക്കപ്പെട്ട
മദ്യക്കുപ്പിയുടെ തേങ്ങലായ്‌ ഞെരിഞ്ഞമറ്‍ന്നു..
യാത്രയാണിത്‌..
പിന്നോട്ടേക്കല്ല, മുന്നോട്ടേക്കു തന്നെ..
പക്ഷെ, ഓറ്‍മ്മകള്‍ പിന്നിലെവിടെയൊ തളക്കപ്പെട്ടിരിക്കുന്നു..
ദിവസങ്ങള്‍ അല്ല, വറ്‍ഷങ്ങള്‍ തന്നെ
ആയുസ്സറ്റ മഴപ്പാറ്റകളെ പ്പൊലെ
മുന്നില്‍ ചിരകറ്റു വീണുകൊണ്ടിരുന്നു..
വ്യഭിചരിക്കപ്പെട്ട മാതൃത്വത്തിന്റെ വേദന
കീറത്തുണിയില്‍ പൊതിഞ്ഞു എന്നെ അനാഥാലയത്തിലെത്തിച്ചു.
വിശപ്പിന്റെ കുത്തലില്‍ അപ്പം മോഷ്ട്ടിചവന്‌
തെരുവിന്റെ പുത്രനായ്‌ അവരൊധികപെട്ടു.
മഹാനഗരത്തിന്റെ മലദ്വാരമായ തെരുവില്‌
ദാരിദ്യ്രത്തിന്റെ വിത്തുകല്‍ മൂലധനമായി.
കണ്ണില്‍ തെളിഞ്ഞ നഗരതിന്റെ വ്ര്‍ത്തികെട്ട ഭാഗം
കഴ്ചയെ വ്യഭിചരിചപ്പോള്‍
ഞാനും പുതിയ ലോകക്രമത്തിലേക്കു വളര്‍ന്നു.
കൂട്ടിക്കൊടുപ്പുകാരുടെ ലോകതിലെ പുതിയ രാജാവായി..
യാത്രയാണിതു.. മുന്നോട്ടെക്കുതന്നെ..
കാലം ജീവിതത്തിലേക്കു
മൂത്രമൊഴിച്ചു നാറ്റിച്ചുകൊണ്ടിരുന്നപ്പോള്‍
കഴ്ചയൊടൊപ്പം എന്റെശ്വസനക്രമവും മാറിപ്പോയി..
വിഴുപ്പലക്കലിന്റെ മനശാസ്ത്രം
കുറ്റബോധത്തിന്റേതുകൂടിയാണെന്ന തിരിച്ചറിവില്‍
മനസിലേക്കു നൊക്കിയപ്പോള്‍
ഒടിഞ്ഞ കസേരകല്‍ മാത്രമുള്ളഇരുട്ടു പിടിച്ച ഒരു മുറിയല്ലാതെ
മറ്റൊന്നും തെളിഞ്ഞില്ല..
ജീവിതത്തിലേക്കു നോക്കിയപ്പോള്‍
കീറി മുറിക്കപ്പെട്ട ഒരു പ്രാവിന്റെ ജഡവും
കുറെ കരിയിലകളുമല്ലാതെ
മറ്റൊന്നും അവശേഷിച്ചിട്ടില്ല..
പിന്നിട്ട ജീവിതതിന്റെ മുഴുവന്‍ പാപഭാരവും പേറി
ഒരു കണ്ണുനീര്‍തുള്ളി പൊഴിഞ്ഞപ്പോഴെക്കും
കാലമേറെ കടന്നു പോയിരുന്നു..
ഇതൊരു യാത്രയാണ്‌..
പിന്നോട്ടെക്കല്ല..മുന്നോട്ടുതന്നെ..
പക്ഷെ, പിനിട്ട വഴികലെ വിസ്മരിക്കുന്നതെങ്ങനെ.
കുറെ ദൂരം പിന്നിട്ടു..
ഇനിയും ഒരു പക്ഷെ കുറെ ദൂരം ഉണ്ടാകാം
അല്ലെങ്കില്‍ ഒരു തിരിവില്‍ വച്ചു പൊടുന്നനെ..
ഏങ്കിലും ഈ യാത്ര ഏനിക്കു തുടര്‍ന്നല്ലേ പറ്റൂ.. !!