പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Monday, October 15, 2007

ഇന്നലത്തെ മഴയുടെ ബാക്കി

ഒരു ഏപ്രില്‍ മാസ രാത്രി..
ഞാന്‍ ഞെട്ടിയുണറ്ന്നു.. ഹൊ ! അതൊരു സ്വപ്നമായിരുന്നു.. കിനാവിനെ ഓറ്ത്തെടുക്കവെ കൂജയില്‍ അവശേഷിച്ച വെള്ളം ഞാന്‍ കുടിച്ചു തീറ്ത്തു. ഞാന്‍ വിയറ്ത്തിരുന്നു..! പുറത്തു മഴ തോറ്ന്നിരുന്നില്ല. തീരെ പ്രതീക്ഷിക്കതെ കടന്നു വന്ന വേനല്‍ മഴ..! പകുതി തുറന്നു വച്ച ജനല്‍പ്പാളികളീലൂടെ നേറ്ത്ത തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്‌. ഏപ്രില്‍ മാസമല്ലേ, ചൂടു കൂടുതലായതിനാല്‍ ഞാന്‍ ജനല്‍ മുഴുവനായി അടയ്ക്കാറില്ല. തണുപ്പ്‌ വിറകൊള്ളിക്കവെ പുതപ്പിന്റെ സുരക്ഷിതത്വ്ത്തിലേക്ക്‌ ഞാന്‍ ചുരുണ്ടുകൂടി. പൊട്ടിപ്പോയ ഓടിനു പകരം തിരുകിവച്ച ഇരുമ്പുതകിടില്‍ മഴത്തുള്ളികള്‍ പതിക്കുന്നതു പുറത്തെ ഇരമ്പലില്‍ നിന്നും വേറ്തിരിച്ചു കേള്‍ക്കാം. ആ താളം കേട്ടുകിടക്കവേ, അപ്രതീക്ഷിതമായ മഴക്കൊപ്പം എത്ര അപ്രതീക്ഷിതമായാണ്‌ അവള്‍ എന്നിലേക്കു കടന്നു വന്നതെന്നോറ്ത്തു ഞാന്‍ അദ്ഭുതപ്പെട്ടു. ഒരു പക്ഷേ അതൊരു സ്വപ്നമല്ലായിരുന്നെങ്കില്‍ ആ സ്നേഹത്തിനു വേണ്ടി എനിക്കുള്ളതെല്ലാം ഞാന്‍ വിട്ടുകൊടുക്കുമായിരുന്നു.

“ ജമീല്ത്താ..” ഞാന്‍ വിളിച്ചു.

എന്നോ എവിടെയോ നഷ്ട്ടമായ സ്വപ്നങ്ങളെ വിദൂരമായ ആകാശനീലിനയില്‍ നിന്ന്‌ ഒപ്പിയെടുക്കാന്‍ അവളുടെ കണ്ണുകള്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.

“ ജമീല്ത്താ… ജമീല്ത്താ..” ഞാന്‍ വീണ്ടും വിളിച്ചു.

അവള്‍ നോക്കിയില്ല. നോക്കിയത്‌ അവളുടെ ഉമ്മയാണ്.

“ എന്താ മോനേ..? “ അവരുടെ ചോദ്യത്തിനു മറുപടിപറയാതെ ജമീല്‍ത്ത എന്ന കാഴ്ചയിലേക്കു ഞാനലിഞ്ഞു.

“ ഉമ്മീ, എനിച്ചു വെശ്ക്കണു..”

അവളുടെ മോനാണ്. അവള്‍ വിരിയും മുമ്പെ അവളില്‍ വിരിഞ്ഞ, അവളുടെ പ്രണയം ബാക്കിവച്ച ഒരോറ്മ്മക്കുറിപ്പ്‌. അന്ന്‌ കൈകോറ്ത്തു പിടിച്ചു കൂടെ നടന്നവന്‍ പെട്ടെന്നൊരു വഴിത്തിരിവില്‍ കൈവിട്ടു അകന്നുപോയപ്പോള്‍ കണ്ണുനീറ് വീണ്‌ കെട്ടുപോയ പ്രണയത്തിന്റെ തിരിനാളം വീണ്ടും ആ കണ്ണുകളില്‍ തിളങ്ങുന്നതു ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ കണ്ടു. അതോ എനിക്കു തോന്നിയതാണോ..?

ഞാന്‍ കൈകള്‍ നീട്ടി. അവള്‍ എന്റെ കൈകളില്‍ അഭയം കണ്ടെത്തി. ആ കൈകള്‍ പിടിച്ച് ഞാന്‍ ഓടി. ദൂരേക്ക്.. കശുമാവിന്‍ തോട്ടങ്ങള്‍ക്കും മുകളിലൂടെ, ഓടിട്ട വീടുകള്‍ക്കും മുകളിലൂടെ ഞങ്ങള്‍ വായുവിനെ തഴുകി കടന്നുപോയി. എന്റെ പാതപതനങ്ങളേറ്റ്‌ ഓടുകള്‍ ഇളകി വീണു.

അനന്തമായ ആകാശനീലിമയിലേക്ക്‌ പറന്നു കയറാന്‍ അവളുടെ സ്നേഹം എനിക്കു ചിറകുകളായി. അവള്‍ എന്റെ കൈകളില്‍ സുരക്ഷിതയായിരുന്നു. ദൂരെ, നിറയെ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ഒരു താഴ്വാരത്തില്‍ ഞങ്ങള്‍ അഭയം തേടി.

അവളുടെ നീലഞെരമ്പോടിയ കൈത്തണ്ടയില്‍, ഒരു കിനാവിന്റെ ശേഷിപ്പുപോലെയുള്ള നഖങ്ങളിലെ മങ്ങിയ മൈലാഞ്ചിച്ചുവപ്പില്‍ ഞാന്‍ മെല്ലെ തലോടി. എന്റെ നെഞ്ചോടു ചേറ്ത്തു ഞാന്‍ അവളെയൊരു മുല്ലവള്ളിയാക്കി. ഞാനാകുന്ന മുള്‍മുരിക്കില്‍ അവള്‍ പടറ്ന്നു. വെള്ളിമേഘപ്പുതപ്പില്‍ നിന്നും എത്തിനോക്കുന്ന ചന്ദ്രനെനോക്കി അവളുടെ മടിയില്‍ തലചായ്ച്ചുകിടക്കവേ ഇതെല്ലാം എത്ര യാദൃശ്ചികമെന്നോറ്ത്ത്‌ ഞാനദ്ഭുതപ്പെട്ടു.

നീയാരാണെനിക്ക്‌, എന്റെ പ്രിയപ്പെട്ട ജമീലാ.., ഒരു പ്രണയഗീതം പോലെ എന്നെ ഒരു സ്നേഹനൊമ്പരത്തിന്റെ അഗാധനീലിമയിലേക്ക്‌ ആഴ്ത്തിക്കൊണ്ടുപോയ നീ ആരാണ്..? ഒരു കൊച്ചുകാറ്റ്‌ ഓറ്മ്മപ്പെടുത്തുന്ന സംഗീതം പോലെ നീ എന്നില്‍ നിലാവുപെയ്യിക്കുന്നു.

“ നീയൊരു ഹിന്ദു ! അവളെ വിടടാ..” അവളുടെ ഉമ്മ ആക്രോശിച്ചു.

അവറ് എങ്ങനെ എന്നെ പിന്തുടറ്ന്ന്‌ ഇവിടെയെത്തിയെന്ന്‌ ഞാന്‍ അദ്ഭുതപ്പെട്ടില്ല. ലോകം അവറ്ക്കുപിന്നില്‍ അണിനിരന്ന്‌ എനിക്കുനേരെ വാളോങ്ങുന്നത്‌ ഞാന്‍ കണ്ടു. എന്റെ കണ്ണുകളില്‍ തീയാളി. അതു കണ്ട്‌ അവള്‍, എന്റെ പ്രിയപ്പെട്ട ജമീല. ഭയന്നു, നെഞ്ചോടു ചേറ്ന്ന്‌ നിന്ന്‌ എന്നെ കട്ടിപ്പിടിച്ചു, ആ മുഖം നെഞ്ചില്‍ ചേറ്ത്തു.

“ ഉമ്മീ, എനിച്ചു വെശ്ക്കണു…”

ജമീലാ.., നിന്റെ മോനാണ്, നീ വിരിയുന്നതിനുമുമ്പേ നിന്നില്‍ വിരിഞ്ഞ, നിന്റെ പ്രണയം ബാക്കിവച്ച ഒരോറ്മ്മക്കുറിപ്പ്‌.
എന്നിലെ കനല്‍ കെട്ടു. കണ്ണു നിറഞ്ഞു. അവറ് അവളെ എന്നില്‍ നിന്നും പിടിച്ചുവാങ്ങി. ദയനീയമായി അവള്‍ എന്നെ നോക്കി.

“ ഉമ്മീ, എനിച്ചു വെശ്ക്കണു..” അവളുടെ മോനാണ്.

അവളെ വിട്ടുകൊടുക്കുകയല്ലാതെ മറ്റെന്താണെനിക്കവുക. ഞാന്‍ കരഞ്ഞു. നിലത്ത് മുട്ടുകുത്തി മണ്ണില്‍ മുഖം ചേറ്ത്ത് വിതുമ്പിക്കരഞ്ഞു. അവളെ അവറ് എന്നില്‍ നിന്നും അടറ്ത്തിമാറ്റി ദൂരേക്ക് കൊണ്ടുപോയി.

“ ജമീലാ.., എന്റെ പ്രിയപ്പെട്ട ജമീല്ത്താ…”

ഒരു വിശക്കുന്ന കുഞ്ഞിനെപ്പോലെ അവള്‍ക്കായി ഞാന്‍ ഭ്രാന്തമായി നിലവിളിച്ചു. എല്ലാ ദിക്കുകളിലേക്കും ഞാനെന്റെ കൈകള്‍ നീട്ടി. മഴപെയ്തു തണുത്ത രാത്രിയിലെ ഘനം വച്ച വായുമാത്രം എന്റെ കൈകളില്‍ തങ്ങിക്കിടന്നു.

ഞാന്‍ ഞെട്ടിയുണറ്ന്നു. ഹൊ! അതൊരു സ്വപ്നമായിരുന്നു. ഒരു തുള്ളി കണ്ണുനീരിന്റെ ബാക്കിയായ നനവുമായി ആ ഓറ്മ്മകള്‍ വന്നുനിറയുന്ന മുറിയില്‍ ഞാന്‍ ദീറ്ഘമായി നിശ്വസിച്ചു.

പുലറ്ച്ചെ..

ഒരു മഴത്തുള്ളി വീണു. താഴെ മണ്ണില്‍ വീണു ചിതറി.

മരം പെയ്യുകയാണ്. ഇന്നലത്തെ മഴയുടെ ബാക്കി.

സ്നേഹം ഒരു പുഴപോലെയാണ്. ഒരു തിരിവില്‍ വച്ചു ആ പുഴ നമുക്കു നഷ്ടമാവുമ്പോള്‍, പൊടുന്നനെ ഒരു നിമിഷം കൊണ്ടു അനാഥനാക്കപ്പെട്ട ഒരുവന്റെ ഹൃദയവ്യഥയാണ്‌ ബാക്കിയാവുക.

വീണ്ടും ഒരുച്ച.

വെയില്‍..

ഇളം കാറ്റ്..

ഓറ്മ്മകളുടെ സംഗീതം..

ഒരു കിളി എന്നോടു ചിലച്ചു. “ ജീവിതം സുന്ദരമായ ഒരു താഴ്വാരം പോലെയോ, വറ്ണ്ണങ്ങള്‍ വാരിവിതറിയ നിറയെ തേനൂറുന്ന പൂക്കളുള്ള ഒരു പൂന്തോട്ടം പോലെയൊ അല്ല. സ്വപ്നത്തില്‍ തെളിയുന്ന ചിത്രങ്ങളൊക്കെ നമ്മുടെ മനസ്സിന്റെ നിഗൂഢതയില്‍ വിരിയുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണ്‌..”

എനിക്കുറക്കം വന്നു. പക്ഷെ ഞാനുറങ്ങിയില്ല. മുന്നില്‍ കൊഴിഞ്ഞു വീണ കിനാവിന്റെ വാലറ്റം തേടി ഞാനലഞ്ഞു. ഓറ്മ്മകളില്‍ തോണിതുഴയവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു ചാറ്റല്‍മഴപോലെ പാ‍ദസരത്തിന്റെ നേറ്ത്ത താളം എന്നെത്തിരഞ്ഞെത്തി. പൊടുന്നനെ എനിക്കുമുന്നില്‍ ഒരു പിച്ചകപ്പാ‍ടം പൂത്തുലഞ്ഞു. അവള്‍.. അവളുടെ മണം.. ജമീല്ത്താ..

മറഞ്ഞുപൊയ ആ കിനാവിന്റെ അവശേഷിപ്പ് എന്റെ നെഞ്ചില്‍ നിറഞ്ഞു വിങ്ങിക്കൊണ്ടിരുന്നു. പക്ഷെ, ബന്ധങ്ങളുടെ പെരുവിരല്‍ മുറിച്ചെറിയാനാവാത്തതുകൊണ്ടു മൌനതിന്റെ ഗുഹാമുഖത്തേക്ക് ഓടിയൊളിക്കുകയല്ലാതെ മറ്റെന്താണെനിക്കവുക.

“ ജമീല്‍ത്ത ഇരിക്കൂ..” എന്റെ ശബ്ദം വിറകൊണ്ടു.

അവള്‍ എന്റെയടുത്തിരുന്നു. ഹൃദയത്തെ കുത്തിനോവിക്കുന്ന ഏകാന്തതയില്‍, ജീവിതത്തിന്റെ തളപ്പൂട്ടുകള്‍ അവശേഷിപ്പിച്ച ചിന്തകളില്‍ ഞാന്‍ സ്വയം ബന്ദിയായപ്പോള്‍, കണ്ണുകളില്‍ നിറസ്നേഹത്തിന്റെ കനലുമായ് വന്നത് നീ തന്നെയെന്നോ ജമീലാ..? പാല്‍നിലാവില്‍ ജലപ്പരപ്പിനു മേലെ ഞാന്‍ ഒരു പാട്ടുപോലെ പൊങ്ങിയൊഴുകിനടന്നത് നിന്റെ സ്നേഹത്തിന്റെ ചിറകിലേറിയെന്നോ..?

“ ഇന്നു നിന്നെ പുറത്തേക്കു കണ്ടതേയില്ലല്ലൊ..?” അവള്‍ അന്വേഷിച്ചു.

ആ ചോദ്യം ഒരു കിനാവില്‍ നിന്നും പകല്‍ വെളിച്ചത്തിലേക്ക് എന്നെ എടുത്തെറിഞ്ഞു. എനിക്കുചുറ്റും ഞാന്‍ തന്നെ സങ്കല്‍പ്പിച്ചെടുത്ത ഭ്രമകല്‍പ്പനകളില്‍ ഒരു മേഘക്കീറുപോലെ സ്വയം നഷ്ടപ്പെടുകയാണെന്ന തോന്നലില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ കൈവിട്ടു അപരിചിതമായ ഒരു നഗരത്തിന്റെ തിരക്കേറിയ തെരുവില്‍ അകപ്പെട്ട കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ കരഞ്ഞു. അവളുടെ മടിയില്‍ മുഖംതാഴ്ത്തി തേങ്ങിക്കരഞ്ഞു. സ്നേഹനൊമ്പരങ്ങളുടെ സങ്കടക്കടല്‍ ഒരു കണ്ണീറ്മഴയായ് പെയ്തു.

അവള്‍ അദ്ഭുതപ്പെട്ടില്ല, അമ്പരന്നില്ല..!

ആ കൈകള്‍ എന്റെ നെറുകില്‍ തലോടുന്നതു ഒരു താരാട്ടുപോലെ ഞാനറിഞ്ഞു. ഞാ‍ന്‍ മുഖമുയറ്ത്തിനോക്കി. അവളുടെ കണ്ണുകളില്‍ രണ്ടുതുള്ളി കണ്ണുനീറ് തിളങ്ങി. അത് എന്റെ മുഖത്തേയ്ക്കു വീണു.

“ ഇന്നലത്തെ മഴയുടെ ബാക്കി..” അവള്‍ മന്ത്രിച്ചു.

“ അതൊരു സ്വപ്നമായിരുന്നില്ലേ..?” ഞാന്‍ അവളോടു അദ്ഭുതപ്പെട്ടു.

അവള്‍ ഒന്നും പറഞ്ഞില്ല. മറുപടി ഞാന്‍ പ്രതീക്ഷിച്ചുമില്ല. ഒരു കിനാവിന്റെ ഓറ്മ്മയില്‍ എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. അവളുടെ മടിയില്‍ മുഖം ചേറ്ത്തു കിടക്കവേ, ആ സ്നേഹം നനുത്ത വിരല്‍ നീട്ടി എന്നെത്തഴുകിയപ്പോള്‍ എന്റെ ദു:ഖമണഞ്ഞു. മനസ്സ് ശാന്തമാക്കുന്നത് അദ്ഭുതത്തോടെ ഞാനറിഞ്ഞു. ഈ ലോകത്തു എല്ലാത്തിനോടും എനിക്കു സ്നേഹം തോന്നി. അവള്‍ എന്റെ നെറുകയില്‍ തലോടിക്കൊണ്ടിരുന്നു.

“ പാവം കുട്ടി.. എന്റെ പാവം കുട്ടി..” അവള്‍ മന്ത്രിച്ചു.

ആ കണ്ണുകളില്‍ നിന്നും രണ്ടുതുള്ളി കണ്ണുനീറ്കൂടി പൊഴിഞ്ഞു. ഇന്നലത്തെ മഴയുടെ ബാക്കി…!

No comments: