പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Monday, April 23, 2007

ഇനി ഞാന്‍ യാത്ര പറയട്ടെ...

കാലചക്രത്തിന്റെ ദ്രുതപ്രവാഹത്തില്‍ കൊഴിഞ്ഞുവീണ രണ്ടു വര്‍ഷങ്ങള്‍..
കളിച്ചും ചിരിച്ചും നടന്നുകയറിയ പാതകള്‍ അവസാനിപ്പിക്കേണ്ടിവരുമ്പോള്‍
സ്മൃതികളുടെ സാന്ധ്യപ്രകാശത്തില്‍ അര്‍ത്ഥശൂന്യമായ ഒരു പൊട്ടിക്കരച്ചിലാണു ബാക്കിയാവുന്നത്‌..
ഈ കലാലയ ജീവിതം ഇനി സ്മൃതിപഥത്തില്‍ സുഖമുള്ള ഒരു നൊമ്പരം..
ഈ ക്ളാസ്സ്‌ മുറികള്‍ ഇനിയെനിക്കന്യം..
ഈ നീണ്ട ഇടനാഴികള്‍ ഇനി എന്റെ നഷ്ടസ്മൃതികള്‍..
പ്രിയപ്പെട്ട കൂട്ടുകാരേ, നമ്മുടെ സൌഹൃദത്തിന്റെ ആഴം അഗാധമായ സമുദ്രം മാതിരി..
എന്നിട്ടും നിങ്ങള്‍ എന്നെ തനിച്ചാക്കുന്നു,
സ്മൃതിയുടെ ഏടുകളില്‍ സൂക്ഷിക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച്‌ കടന്നുപോകുന്നു..
ഒരിലകൂടി ഈ മുറ്റത്ത്‌ കൊഴിഞ്ഞുവീഴും മുമ്പേ,
സന്ധ്യ പടരാന്‍ കാത്തുനില്‍ക്കാതെ ഞാനും അരങ്ങൊഴിയുകയാണ്‌,
ഇനിയും ഈ വസന്തം ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ....

No comments: