പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ...


"പുരുഷനോ സ്ത്രീയോ ആയ യാത്രക്കാരാ,
പിന്നെയൊരിക്കല്‍,
ഞാന്‍ മരിച്ചുപോയതിനുശേഷം
ഇവിടെത്തിരയുക, എന്നെത്തിരയുക..
കല്ലിനും കടലിനും ഇടയില്‍, തിരയുടെ നുരയില്‍
പതറുന്ന വെളിച്ചത്തില്‍
ഇവിടെത്തിരയുക, എന്നെത്തിരയുക..
ഇവിടെയാണു ഞാന്‍ വരുന്നത്‌,
ഒന്നും മിണ്ടാതെ നിശബ്ദനായി,
വായില്ലതെ, വിശുദ്ധനായി,
ഇവിടെ വീണ്ടും ഞാന്‍ ജലത്തിന്റെ-
അതിന്റെ വിക്ഷുബ്ദഹൃദയത്തിന്റെ ചലനമായി
ഇവിടെ ഞാന്‍ നഷ്ടപ്പെടുകയും ചെയ്തേക്കും..
ഇവിടെ ഞാന്‍ഒരു പക്ഷെ
കല്ലും നിശബ്ദതയും ആയേക്കും.. "

--നെരൂദ--

Tuesday, April 24, 2007

എന്റെ പ്രണയം


പ്രണയം ആദ്യം ഒരാഘാതവും
പിന്നെയൊരു പ്രത്യാഘാതവുമാണ്‌..
ഒരറിവില്ലായ്മയാണു പ്രണയം.
സ്വയം വെളിപ്പെടുന്ന പ്രണയം
ഒരു പിടച്ചിലാണ്‌;
മരിച്ചുപോയ ആത്മാവിന്റെ പുനര്‍ജനി..
കാലം എന്നെ നോവിക്കാതെ
കടന്നുപോയതായിരുന്നു,
അതിനിടയിലെപ്പോഴോ
എനിക്കുചുറ്റും വട്ടമിട്ടുപറന്ന്‌
എന്നെ കുത്തിയ കടന്നലാണു നീ..
തിരിച്ചറിവുകള്‍ നെഞ്ചില്‍ തീ പടര്‍ത്തി..
ഇന്ന്‌ കത്തുന്ന ഒരു കണ്ണുനീര്‍ത്തുള്ളിയാണു ഞാന്‍..
എന്റെ ഹൃദയത്തില്‍ നീ
പ്രണയത്തിന്റെ മൈലാഞ്ചിക്കോലങ്ങള്‍ വരച്ചതു
ഞാനറിഞ്ഞതേയില്ല..
ആര്‍ക്കോ വേണ്ടി പറഞ്ഞുവെക്കപ്പെട്ട
ഒരു കാശിത്തുമ്പപ്പൂവാണു
നീ എന്ന തിരിച്ചറിവില്‍ കൊഴിഞ്ഞുവീണത്‌,
സ്വപ്നങ്ങളില്‍ മുളപൊട്ടി, വിടരാതെപോയ
ഒരു കണിക്കൊന്നമൊട്ടായിരുന്നു..
പൂത്തുലഞ്ഞുനില്‍ക്കുന്ന
പ്രണയത്തിന്റെ കണിക്കൊന്ന,
എന്റെ സങ്കല്‍പ്പം മാത്രമാണ്‌ എന്ന തിരിച്ചറിവില്‍
വിണ്ടുകീറപ്പെട്ടതു
ഒരു ഹൃദയമായിരുന്നു..
അപ്രതീക്ഷിതമായി കടന്നുവന്ന ആ പ്രണയത്തീമഴ
എന്നെ പൊള്ളിച്ചുകളഞ്ഞു..
ഒരു ചെറുകാറ്റെങ്കിലും എനിക്കാ,
സൂചനതന്നിരുന്നുവെങ്കില്‍,
ഞാനെപ്പൊഴേ ഓടിയൊളിച്ചേനേ..
കൌമാരം പിന്നിട്ടപ്പോള്‍ പ്രണയം,
ബന്ധങ്ങളുടെ പൂര്‍ണ്ണതയായി മാറുന്നു;
ഹൃദയബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍
പൊട്ടിച്ചെറിയാന്‍
എനിക്കിന്നു കഴിവില്ല..
ഒരുകെട്ടുപൊട്ടിയാല്‍ നോവുന്നത്‌
എനിക്കു മാത്രമല്ല എന്ന തിരിച്ചറിവില്‍
ഞാന്‍ എന്നെത്തന്നെ ബലികഴിക്കുന്നു..
ഈ ബലിയില്‍ ഞാന്‍ അനുഭവിക്കുന്ന വേദന,
മറ്റൊരാനന്ദമാണ്‌..
പ്രണയമെന്നത്‌ കേവലം ഒരു വികാരമല്ല;
ഹൃദയവികാരങ്ങളുടെ പൂര്‍ണ്ണതയാണ്‌ പ്രണയം..
നിനക്കായ്‌ ഞാനിന്നു കണ്ണീര്‍വാര്‍ക്കുന്നുവെങ്കില്‍,
അതു കുറേ പുഞ്ചിരികള്‍
നഷ്ടപ്പെടാതിരിക്കാനാണ്‌;
വെളിച്ചത്തെനോക്കി ഞാനിന്നു പുഞ്ചിരിക്കുമ്പോള്‍
എന്നില്‍ പിടയുന്നത്‌,
ചോരവാര്‍ന്നൊഴുകുന്ന ഒരു ഹൃദയമാണ്‌..